അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബജറ്റിലെ പാളിച്ചകളും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ സർക്കാർ പട്ടികജാതി വികസനത്തിനുള്ള 500 കോടിയും പട്ടികവർഗ്ഗത്തിനുള്ള 112 കോടിയും കട്ട് ചെയ്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2025-26 ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ടിയിരുന്ന മൂന്നാം ഗഡുവായ 2150 കോടി രൂപ നൽകാതെ പോയവരാണ് ഇപ്പോൾ പ്ലാൻ ഫണ്ടിലെ കുറവിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിൽ നൽകേണ്ടിയിരുന്ന ഈ തുക മാർച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെയും മുൻ സർക്കാർ നൽകിയില്ല. സ്പിൽ ഓവർ തുക നൽകാൻ കഴിഞ്ഞ ബജറ്റിൽ പണം വകയിരുത്തിയിരുന്നതുമില്ല. മുൻ സർക്കാർ തന്നെ തുടർന്നിരുന്നെങ്കിൽ 5750 കോടി രൂപയുടെ പ്ലാൻ തുക കുറയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ സർക്കാർ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തി, യാഥാർത്ഥ്യബോധത്തോടെയാണ് 1533 കോടി രൂപ കുറച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

16-ാം കേന്ദ്ര ധനകാര്യ കമ്മീഷൻ ശുപാർശയിലെ പോരായ്മകളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ 83% നഗരപ്രദേശങ്ങളാണെന്ന തെറ്റായ അനുമാനത്തിലാണ് കേന്ദ്രം റൂറല്‍ ലോക്കല്‍ ബോഡികള്‍ക്കുള്ള ഗ്രാന്റ് കുറയ്ക്കുകയും അർബൻ ഗ്രാന്റ് കൂട്ടുകയും ചെയ്തത്. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്കും കൃത്യമായ അനുപാതത്തിൽ ഫണ്ട് പുനഃക്രമീകരിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Top News from last week.