ഗർഭഛിദ്രത്തിന് പ്രേരണ; ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാൻ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നുവെന്ന രീതിയിൽ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാൻ ബാലാവകാശ കമ്മീഷൻ. പൊലീസിനോടാകും ബാലാവകാശ കമ്മീഷൻ വസ്തുത തേടുക. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും. ആരോപണം ഉയർത്തിയ യുവതി ആര്? ഭ്രൂണഹത്യയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും. ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നൽകിയത്. പ്രചരിക്കുന്ന ശബ്ദസന്ദേശം കേസെടുക്കാൻ പര്യാപ്തമുള്ളതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർനടപടിയാണ് ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ പൊലീസിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. യുവതി പരാതി നൽകുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും കേസെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടർനടപടി മതിയെന്നാണ് നിലവിലെ തീരുമാനം.

 

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോൾ തന്നെ അയാൾ തന്നോട് മോശമായി പെരുമാറി. അപ്പോൾ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. ‘ഹു കെയർ’ എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവർക്കും ഹു കെയർ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നൽകിയിരുന്നില്ല. ആ നേതാവ് ഉൾപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

 

ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Top News from last week.