ദുരന്തങ്ങളെ നേരിടാൻ ‘സജ്ജം; കുട്ടികൾ പരിശീലനം തുടങ്ങി

ദുരന്ത മുഖത്ത് പകച്ചു നിൽക്കാതെ സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തുമായി കുട്ടികളെ സജ്ജരാക്കുന്നു. പുതുതലമുറയെ ദുരന്തങ്ങൾ നേരിടാൻ പ്രാപ്തരാക്കാൻ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ‘സജ്ജം’ പദ്ധതിയുടെ ജില്ലയിലെ ആദ്യ ബാച്ച് പരിശീലനം തുടങ്ങി. മട്ടന്നൂർ സി ഡി എസ് ഹാളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി ഉദ്ഘാടനം ചെയ്തു.
ദുരന്തങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കി അവ അഭിമുഖീകരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് ‘സജ്ജം’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്റെ ഇടം, കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളിൽ അവബോധം നൽകും. ബാലസഭ അംഗങ്ങളായ 13 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകൾ പ്രകാരമാണ് പരിശീലനം.
ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് 100 കുട്ടികളെ വീതമാണ് തെരഞ്ഞെടുത്തത്. 81 സി ഡി എസുകളിൽ നിന്നുള്ള 8100 കുട്ടികൾക്കാണ് ജില്ലയിൽ പരിശീലനം ലഭിക്കുക. ഇതിനായി 44 തദ്ദേശതല റിസോഴ്സ് പേഴ്സൺമാർ ജില്ലാ തലത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഓരോ സി ഡി എസിലും 50 പേരടങ്ങുന്ന രണ്ട് ബാച്ചുകൾ സംഘടിപ്പിക്കുന്നതിനാൽ 162 ബാച്ചുകളാണ് ഉണ്ടാവുക. ആഗസ്റ്റ് മൂന്നാം വാരം ജില്ലയിലെ മുഴുവൻ ബാച്ചുകളുടെയും പരിശീലനം പൂർത്തിയാക്കും. പരിശീലനം നേടിയവരുടെ ജാഗ്രതാ സേന രൂപീകരിച്ച് വാട്ടസാപ്പ് ഗ്രൂപ്പ് മുഖേന ഏകോപിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷത വഹിച്ചു.  മട്ടന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, മട്ടന്നൂർ നഗരസഭ സി ഡി എസ് ചെയർപേഴ്സൻ  പി രേഖ, വൈസ് ചെയർപേഴ്സൺ എം കവിത, മെമ്പർ സെക്രട്ടറി കെ പി രമേഷ്ബാബു, ബാല നഗരസഭ പ്രസിഡണ്ട് സി കെ അശ്വദേവ് തുടങ്ങിയവർ പങ്കെടുത്തു.

Top News from last week.