ദില്ലി: സിജെപി നടത്തിയ പാർലമെന്റ് മാർച്ചിലെ പോലീസ് നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. സമരങ്ങളെ നേരിടാൻ പോലീസിനോ കേന്ദ്രസേനയ്ക്കോ പരിധിവിട്ട അധികാരങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ഹർജികൾ കോടതി നാളെ വിശദമായി പരിഗണിക്കും.
അതിനിടെ, വിദ്യാർത്ഥി പ്രതിഷേധത്തിനു നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഉതിർത്തത് ഒരു ജവാനാണെന്ന് സിആർപിഎഫ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷീൽഡോ പ്രയോഗിക്കേണ്ട സാഹചര്യം അവിടെയില്ലായിരുന്നുവെന്നാണ് ദ്രുതകർമ്മ സേനയുടെ (ആർഎഎഫ്) വിലയിരുത്തൽ. ഉദ്യോഗസ്ഥർക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിലും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചതായി സേന വ്യക്തമാക്കുന്നു.
ഇതിനെത്തുടർന്ന് പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആന്റി റയറ്റ് ഗൺ എന്നിവയുടെ ഉപയോഗത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. സേനയുടെ വീഴ്ചകളെക്കുറിച്ച് പ്രൊഫഷണൽ തലത്തിലുള്ള വിശകലനം നടത്തുമെന്ന് സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു. ആക്രമണത്തിൽ മാധ്യമപ്രവർത്തകനടക്കം മൂന്നുപേർക്ക് പരിക്കേൽക്കുകയും കല്ലേറിൽ സേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.









