വിപണിയിൽ പുതിയ നിരവധി മോഡലുകൾ അവതരിപ്പിച്ചിട്ടും റോയൽ എൻഫീൽഡിന്റെ ജനപ്രിയ വാഹനമെന്ന പദവി ക്ലാസിക് 350 തന്നെ നിലനിർത്തുന്നു. 2026 ജൂണിൽ 40,660 യൂണിറ്റുകൾ വിറ്റഴിച്ച ക്ലാസിക് 350, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 39 ശതമാനം വാർഷിക വളർച്ച സ്വന്തമാക്കി. 26,488 യൂണിറ്റുകൾ വിറ്റ് 54 ശതമാനം വളർച്ച നേടിയ ബുള്ളറ്റ് 350 രണ്ടാം സ്ഥാനത്തും, 20,289 യൂണിറ്റുകൾ വിറ്റ ഹണ്ടർ 350 മൂന്നാം സ്ഥാനത്തുമുണ്ട്. 10,941 യൂണിറ്റുകൾ വിറ്റ മെറ്റിയർ 350 നാലാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, പുതുതലമുറ മോഡലായ ഗറില്ല 450 35 ശതമാനം വളർച്ചയോടെ 944 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
അതേസമയം ഉയർന്ന ശേഷിയുള്ള പ്രീമിയം മോഡലുകൾക്ക് വിപണിയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. 650 ട്വിൻ ശ്രേണിയിൽ 2,238 യൂണിറ്റുകൾ വിറ്റെങ്കിലും 23 ശതമാനം ഇടിവുണ്ടായി. ഹിമാലയൻ 1,240 യൂണിറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ വിൽപ്പനയിൽ 39 ശതമാനം കുറവുണ്ടായി. സൂപ്പർ മെറ്റിയർ 90 ശതമാനം ഇടിവോടെ 98 യൂണിറ്റിലും, ഷോട്ട്ഗൺ 86 ശതമാനം ഇടിവോടെ 32 യൂണിറ്റിലുമൊതുങ്ങി. എങ്കിലും പരമ്പരാഗത മോഡലുകൾ നൽകിയ കരുത്തിൽ, 2026 ജൂണിൽ ആകെ 1,02,930 വാഹനങ്ങൾ വിറ്റഴിച്ച് മൊത്തം വിൽപ്പനയിൽ 33 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് റോയൽ എൻഫീൽഡ് കൈവരിച്ചത്.









