തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ച നുണ ഭാവനയില്‍ സൃഷ്ടിച്ച് ഒരുക്കിയ സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശ്യകാര്യങ്ങള്‍ നേടാന്‍ പറ്റുമോയെന്ന ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും ആ കെണിയില്‍ വീണുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആര്‍എസ്എസ് അജണ്ടയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയും ഇല്ലാത്ത കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സിനിമയക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിന് കൃത്യമായ ഉദ്ദേശ്യങ്ങള്‍ കാണും. കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുന്നു. നാടിനെ അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യണം,” മുഖ്യമന്ത്രി പറഞ്ഞു. കേരളീയരല്ലാത്തവര്‍ തന്നെ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ ആശയമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ”ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടത്തിയതാണ്. ജൂതരും ബോള്‍ഷെവിക്കുകളുമാണ് ജര്‍മനിയുടെ ആഭ്യന്തര ശത്രുക്കളെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞു. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റലര്‍ പറഞ്ഞു വെച്ചത്. അത് ആര്‍എസ്എസ് പകര്‍ത്തി. അവിടെ ജൂതരാണെങ്കില്‍ ഇവിടെ മുസ്‌ലിമും ക്രിസ്ത്യാനിയുമാണ്. മറ്റ് ന്യൂനപക്ഷങ്ങളുമുണ്ട്, അവരെ വിട്ടുകളയുമെന്ന് വിചാരിക്കേണ്ട. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും പേര് എടുത്തുപറഞ്ഞെങ്കിലും ന്യൂനപക്ഷങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്. ഓരോ ഘട്ടത്തില്‍ ഓരോ വിഭാഗങ്ങള്‍ക്കെതിരെയാണ് തിരിയുക. മണിപ്പൂരില്‍ വംശഹത്യയുടെ അടുക്കലെത്തി. അത് മറക്കാന്‍ ആര്‍ക്കും പറ്റില്ല. മുസ്‌ലിങ്ങളെ പലയിടങ്ങളില്‍ ലക്ഷ്യമിടുന്നു,” മുഖ്യമന്ത്രി പറഞ്ഞു.