കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം ഇ ഡി നടത്തുന്ന റെയ്ഡിനെതിരെ കണ്ണൂരിൽ വ്യാപക പ്രതിഷേധം. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് കേന്ദ്ര ഏജൻസിയുടേതെന്ന ആരോപണവുമായി സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കനത്ത വാക്പോരാണ് ഉയരുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കള്ളക്കേസുകളിൽ കുടുക്കി ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും, നിയമപരമായും രാഷ്ട്രീയമായും ഈ വേട്ടയാടലിനെ നേരിടുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വീകരിച്ച അതേ കള്ളത്തിരക്കഥയാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. വി.ഡി. സവർക്കറും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി.ഡി. സതീശനും തമ്മിൽ പേരിൽ മാത്രമല്ല, ബിജെപിയോടുള്ള ഒത്താശയിലും സാമ്യമുണ്ടെന്ന് രാഗേഷ് ആരോപിച്ചു. പിണറായിക്കെതിരായ റെയ്ഡ് ഇടതുപക്ഷത്തെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നിൽ കണ്ടുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഗൂഢാലോചനയുടെ ഫലമാണെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി സതീശനും ഇതിനായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും, സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റായി ഇ ഡി മാറിയെന്നും ജയരാജൻ പരിഹസിച്ചു. കണ്ണൂരിലെ പിണറായി വിജയന്റെ വസതി സന്ദർശിച്ച അദ്ദേഹം, തങ്ങളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും വ്യക്തമാക്കി. കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഡൽഹിയിൽ വെച്ചാണ് ഇതിനായുള്ള ആസൂത്രണം നടത്തിയതെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ. ശശിയും ആരോപിച്ചു.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഈ കേന്ദ്ര ഏജൻസി പരിശോധനയ്ക്കെതിരെ ബിനീഷ് കോടിയേരിയും ഫേസ്ബുക്കിലൂടെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത് എന്നത് ഈ കൃത്യമായ തിരക്കഥയുടെ തെളിവാണ്. മടിയിൽ കനമില്ലാത്ത പിണറായി വിജയനെ റെയ്ഡ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മരണം വരെ കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും ബിനീഷ് കുറിച്ചു. വല്ല കോൺഗ്രസ് നേതാക്കളുടെയും വീട്ടിലാണ് ഇ ഡി കയറിയതെങ്കിൽ തിരികെ പോരുമ്പോൾ ബിജെപിക്ക് ഒരു പുതിയ നേതാവിനെ കിട്ടുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സത്യസന്ധനായ തങ്ങളുടെ മുൻ മുഖ്യമന്ത്രിയെ കരിതേച്ചു കാണിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരറുക്കാനുമുള്ള വലതുപക്ഷ ശ്രമങ്ങൾക്കെതിരെ വൈകാരികമായ പ്രതിരോധമാണ് അണികൾ തീർക്കുന്നത്. പിണറായി വിജയനെ വ്യക്തിപരമായി തകർത്താൽ പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നത് ചിലരുടെ മോഹം മാത്രമാണെന്ന് പ്രവർത്തകർ പറയുന്നു.









