സിഎംആർഎൽ കേസ്: വീണ വിജയനെ ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂർ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി യെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) ബുധനാഴ്ച സിഎംആർഎൽ (CMRL) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏകദേശം ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെ 10:30 ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയ വീണ രാത്രി എട്ട് മണിയോടെയാണ് അവിടെനിന്നും പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് ഇഡി ഓഫീസിന് പുറത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഭർത്താവും എംഎൽഎുമായ പി. എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിലെത്തിയത്.

പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ഇതിനുമുമ്പ് ജൂൺ 12-ന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഹാജരാകാൻ അസൗകര്യം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഏജൻസി പുതിയ സമൻസ് അയച്ചതും പ്രവർത്തനരഹിതമായ അവരുടെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടതും.

എന്താണ് കേസ്?

ഇഡിയുടെ അന്വേഷണ പ്രകാരം കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനി, വീണയുടെ കമ്പനിയായ എക്സാലോജിക്കിന് യാതൊരുവിധ സേവനങ്ങളും ലഭ്യമാകാതെ തന്നെ 2.78 കോടി രൂപ കൈമാറിയെന്നാണ് കണ്ടെത്തൽ. ഇതിനുപുറമേ സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ നേതൃത്വത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. എന്നാൽ ഈ തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും ഇഡി ആരോപിക്കുന്നു.

ഈ സാമ്പത്തിക ഇടപാടുകളിലൂടെ വീണയും സിഎംആർഎൽ മാനേജ്‌മെന്റും ചേർന്ന് കുറ്റകൃത്യത്തിലൂടെയുള്ള പണം (Proceeds of crime) സമ്പാദിച്ചതായാണ് അന്വേഷണ ഏജൻസിയുടെ വാദം.

എസ്എഫ്ഐഒ പരാതിക്ക് പിന്നാലെ രജിസ്റ്റർ ചെയ്ത കേസ്

ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗമായ എസ്എഫ്ഐഒ (SFIO) 2025 ഏപ്രിലിൽ എറണാകുളം കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി ഈ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ ഭാഗമായി തിങ്കളാഴ്ച ശശിധരൻ കർത്തയുടെ മകളെയും ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ മകനെയും ഭാര്യയെയും ഇഡി ചോദ്യം ചെയ്തിരുന്നു.

2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് സിഎംആർഎൽ കമ്പനി ആദ്യമായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാകുന്നത്. പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

ബിജെപിയുടെ വിമർശനം

അഴിമതിക്കേസുകളിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നതിന്റെ തെളിവാണ് ഇഡിയുടെ ഈ നടപടിയെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പ്രതികരിച്ചു. അധികാരത്തിലിരിക്കുന്നവരുടെ കുടുംബാംഗങ്ങളും സ്വകാര്യ കമ്പനികളും തമ്മിലുള്ള ഇത്തരം സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

Top News from last week.