സി.എം.ആർ.എൽ.-എക്സാലോജിക് കേസ്: മുൻ റെയ്ഡുകളിലും ഒന്നും കണ്ടെത്താനായില്ല, ബിസിനസ് നടത്താൻ വീണയ്ക്ക് അവകാശമുണ്ടെന്ന് മുഹമ്മദ് റിയാസ്


തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുൻപ് നടന്ന പരിശോധനകളിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ ഏജൻസികൾക്കായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ ‘ലെയ്ക്കർ’ എന്ന പുതിയ സ്ഥാപനം തുടങ്ങിയെന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ നിയമപരമായി ബിസിനസ് ചെയ്യാനുള്ള പൂർണ്ണ അവകാശം വീണയ്ക്കുണ്ടെന്നും റിയാസ് പറഞ്ഞു.

തന്റെ കോളേജ് സുഹൃത്തുക്കളുടെ വസതികളിലടക്കം ഇ.ഡി. പരിശോധന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മാന്യമായി ബിസിനസ് ചെയ്യുന്നവരെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടത്തി പുകമറ സൃഷ്ടിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയ റിയാസ്, ഇ.ഡിയെ ഭയന്ന് ബി.ജെ.പി.യിൽ ചേരുന്ന നിലപാട് തങ്ങൾക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശേഖരിച്ച രേഖകളും ഡാറ്റകളും വിശദമായി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇ.ഡി. ഇതിനുശേഷമായിരിക്കും വീണ ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് അയക്കുന്ന കാര്യം തീരുമാനിക്കുക. വീണയുടെ ഡയറിയിൽ പരാമർശിച്ചിട്ടുള്ള പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞദിവസത്തെ പ്രധാന പരിശോധനകൾ. കേസിന്റെ തുടർച്ചയായി സൊലാസ് കമ്പനിക്കെതിരെ അന്വേഷണം വ്യാപിപ്പിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്.









