വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർദ്ധനവ്; ഹോട്ടൽ ഭക്ഷണവില കൂടിയേക്കും, സാധാരണക്കാർക്ക് തിരിച്ചടി

ജൂണ്‍ 1, മാസാദ്യം തന്നെ എല്‍പിജി വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഡല്‍ഹിയിലടക്കം സിലിണ്ടറിന് 42 രൂപ വര്‍ധിപ്പിച്ചപ്പോള്‍, കേരളത്തില്‍ വില വര്‍ധന 46 വരെ നീളുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടര്‍ന്നെങ്കിയും, വാണിജ്യ എല്‍പിജി വില വര്‍ധന പരോക്ഷമായി സാധാരണക്കാരെ ബാധിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് നിലവില്‍ 3,131 രൂപ വില വരും.

ഇറാന്‍ യുദ്ധവും, ഹോര്‍മുസ് തടസവും ആഗോള എണ്ണവിലയില്‍ സൃഷ്ടിച്ച സമ്മര്‍ദമാണ് നിലവിലെ വിലവര്‍ധനകള്‍ക്ക് ആധാരം. ഹോര്‍മൂസ് കടലിടുക്കിലെ അസ്ഥിരത കാരണം കപ്പല്‍ ഗതാഗതച്ചെലവും ഇന്‍ഷുറന്‍സും ഗണ്യമായി വര്‍ധിച്ചു. ഇത് എണ്ണക്കമ്പനികളുടെ ചെലവ് വലിയതോതില്‍ കൂട്ടി. ഇറാന്‍ യുദ്ധത്തിന് ശേഷം വാണിജ്യ സിലിണ്ടറിന് മൂന്നു തവണയായി 1,234.5 രൂപ വര്‍ധിച്ചിട്ടുണ്ട്. ഏപ്രിലില്‍ 195.50 രൂപയും, മേയില്‍ 993 രൂപയുമാണ് വര്‍ധിച്ചത്.

സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

  • കേരളത്തിലടക്കം ഇന്ന് സ്‌കൂള്‍ സീസണ്‍ വീണ്ടും ആരംഭിക്കുകയാണ്. ഇത് സ്‌കൂള്‍ ക്യാന്റീനുകളെ വീണ്ടും സജീവമാക്കും. എന്നാല്‍ ഇത്തവണ ക്യാന്റീന്‍ സര്‍വീസിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെലവ് കൂടും.
  • ഹോട്ടലുകള്‍, തട്ടുകടകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവയെല്ലാം വാണിജ്യ സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഈ അധിക ചെലവ് അവര്‍ ഉപയോക്താക്കളിലേയ്ക്ക് കൈമാറും.
  • എല്‍പിജി വില വര്‍ധനയാണ് നിലവില്‍ പാല്‍ വിലയടക്കം വര്‍ധിക്കാനുള്ള കാരണം. കേരളത്തില്‍ ഇന്നു മുതല്‍ മില്‍മ വില വര്‍ധന പ്രാബല്യത്തില്‍ വരികയാണ്. പാലിന് ലിറ്ററിന് 4 രൂപയും, തൈരിന് കിലോയ്ക്ക് 10 രൂപയും കൂടി.
  • ഹോട്ടല്‍ ഭക്ഷണത്തിന് പുറമേ ബേക്കറി പലഹാരങ്ങള്‍, കല്യാണ കാറ്ററിംഗ് നിരക്കുകള്‍ എന്നിവയും ഉയരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയരുമ്പോള്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ ഉയര്‍ന്ന വിലകൊടുത്ത് വാങ്ങാന്‍ പലരും രംഗത്തെത്തുന്നത് പതിവാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണ്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടലുകളിലും മറ്റും കയറുമ്പോള്‍ അനാവശ്യമായി അമിതവില ഈടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പുതുക്കിയ വിലവിവര പട്ടികയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. ആഗോള വിപണിയില്‍ അസ്ഥിരത തുടരുന്നതിനാല്‍ എണ്ണക്കമ്പനികളോട് കുറഞ്ഞത് 30 ദിവസത്തെ പാചകവാതക കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ പരിഭ്രാന്തരായി ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങേണ്ട ആവശ്യം നിലവിലില്ല.

Top News from last week.