തെരുവുനായ്ക്കളെ കുഴിച്ചുമൂടിയെന്ന പരാതി; പൊലീസ് പരിശോധനയില്‍ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി

തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതിയില്‍ മൂന്നാര്‍ കല്ലാര്‍ മാലിന്യ പ്ലാന്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. ഇരുനൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമല്‍ റെസ്‌ക്യൂ ടീം നല്‍കിയ പരാതി.

നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി ഊര്‍ജിതമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാലിന്യ പ്ലാന്റിലെ സംശയാസ്പദമായ സ്ഥലത്ത് ഇന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. എന്നാല്‍ ഇത് പിടിച്ചുകൊണ്ട് പോയ നായകളുടെ ജഡം തന്നെയാണോന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

കഴിഞ്ഞ രണ്ട് മാസത്തിനിടെ കുട്ടികളുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടി. എന്നാല്‍ നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്നതിന് പകരം കൊന്ന് കുഴിച്ചുമൂടിയെന്നാണ് ഇടുക്കി ആനിമല്‍ റെസ്‌ക്യൂ ടീം ആരോപിക്കുന്നത്. ടീമിന്റെ നേതൃത്വത്തില്‍ മഞ്ജു എന്ന സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയത്. നായ്ക്കളെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷമാണോ കുഴിച്ചുമൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Top News from last week.

Latest News

More from this section