കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടി വാതിൽക്കലെത്തി നിൽക്കെ പി.കെ.രാകേഷ് വികസന അജണ്ടകളുമായി സജീവമാകുന്നു. കോൺഗ്രസുമായി അകന്നു കഴിയുന്ന രാകേഷ് നിലവിൽ കോർപ്പറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്. രാജീവ്ജി കൾച്ചറൽ ഫോറമെന്ന പേരിലാണ് രാകേഷ് സജീവമാകുന്നത്.
ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടിന് കോർപ്പറേഷനിലെ അഴിമതി രഹിത വികസന പദ്ധതി നയപ്രഖ്യാപന കൺവെൻഷൻ നടത്തുന്നുണ്ട്. നവംബർ രണ്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ ചേമ്പർ ഹാളിലാണ് കൺവെൻഷൻ.ഇതിൽ വികസന പദ്ധതി നയപ്രഖ്യാപനം നടത്തുന്നത് പി.കെ.രാകേഷാണ്. കണ്ണൂർ കോർപ്പറേഷന്റെ സമഗ്ര വികസനത്തിനുള്ള മാർഗരേഖയായിരിക്കും ഇവിടെ പ്രഖ്യാപിക്കുക.
വികസനം ചൂണ്ടിക്കാട്ടി കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും മൽസരിക്കാനാണ് രാകേഷിന്റെയും കൂട്ടരുടെയും തീരുമാനം. സമാന മനസ്കരായ ആളുകളെ സംഘടിപ്പിച്ച് വിഷൻ -31 എന്നുള്ള മുദ്രാവാക്യവുമായിരിക്കും മൽസരം.
പി.കെ.രാകേഷിന്റെ ഈ തീരുമാനം യു.ഡി.എഫിന്, പ്രത്യേകിച്ച് കോൺഗ്രസിന് തലവേദനയാകുമെന്നുറപ്പാണ്. 100, 50 വോട്ടുകൾക്ക് ജയിച്ചു കയറുന്ന ഡിവിഷനുകളിൽ രാകേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യം യു.ഡി.എഫിന്റെ സാധ്യതകൾക്ക് ഇരുട്ടടിയാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
രാകേഷിനെ അനുനയിപ്പിച്ച് കോൺഗ്രസിൽ സജീവമാക്കണമെന്നാണ് പ്രവർത്തകരും ചില നേതാക്കളും ആവശ്യപ്പെടുന്നത്. എന്നാൽ ഡി.സി.സി നേതൃത്വത്തിലെ ചില ഉന്നതർ ഈ ആവശ്യമംഗീകരിക്കാൻ തയ്യാറല്ല. ഒരു തരത്തിലും രാകേഷിനെ കൂട്ടേണ്ടെന്നും ശക്തി കേന്ദ്രമായ പള്ളിക്കുന്നിലടക്കം രാകേഷിനെയും കൂട്ടരെയും തോൽപ്പിക്കാനുള്ള തന്ത്രങ്ങളാണവിഷ്കരിക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.ഇതിനായുള്ള ചരടുവലികളാരംഭിച്ചിട്ടുമുണ്ട്.
പി.കെ.രാകേഷ് യു.ഡി.എഫ് വോട്ടുകൾ മാത്രമല്ല ലക്ഷ്യമിടുന്നത്,.മറ്റു പ്രബല കക്ഷികളിലെ വികസനമാഗ്രഹിക്കുന്നവരുടെ വോട്ടുകളും വിഷൻ -31ലേക്ക് ആകർഷിക്കാനുള്ള നീക്കമാണ് നടത്തുന്നത്. വികസനമെന്ന പ്ലാറ്റ്ഫോമിൽ ആരുമായും സഹകരിക്കാമെന്നാണ് രാകേഷ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.ഇതിൽ എല്ലാ കക്ഷികളിലെയും അനുഭാവികൾ അണിചേരുമെന്നാണ് ഇവർ കരുതുന്നത്.
എന്തായാലും കണ്ണൂർ കോർപ്പറേഷനിൽ പി.കെ.രാകേഷിന്റെ പുതിയ നീക്കം ഏതു രീതിയിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഞായറാഴ്ച്ച നടക്കുന്ന കൺവെൻഷനിൽ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഇത് രാകേഷിന്റെ തെരഞ്ഞെടുപ്പിനുള്ള നയപ്രഖ്യാപനം തന്നെയായിരിക്കും.









