ക്ഷേത്ര ആസ്തികൾ തിട്ടപ്പെടുത്താൻ വിപുല പദ്ധതി: സ്വർണ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം സെക്രട്ടറിയുടെ ശുപാർശ


തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ മൊത്തം ആസ്തിമൂല്യം കണ്ടെത്താൻ സർക്കാർ നടപടികൾ ഊർജ്ജിതമാക്കി. ക്ഷേത്രങ്ങളിലെ സ്വർണ ശേഖരം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം ദേവസ്വം മന്ത്രി കെ. മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു.

സ്വർണം വാങ്ങുന്നത് മുതൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. ക്ഷേത്ര ഉരുപ്പടികളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും വ്യക്തമായ മാർഗരേഖ വേണം. നിലവിലുള്ള ലോഹങ്ങളുടെ പഴക്കം, തൂക്കം, അളവ് എന്നിവ കൃത്യമായി ഡിജിറ്റൽ രജിസ്റ്ററിൽ രേഖപ്പെടുത്തണം. സ്വർണം പൂശൽ ജോലി പൂർത്തിയായി ഭാരം ഉറപ്പുവരുത്തിയ ശേഷം മാത്രം കരാറുകാർക്ക് തുക നൽകിയാൽ മതിയെന്നും റിപ്പോർട്ടിലുണ്ട്.
ഡോ. എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ആസ്തി വിവര ശേഖരണം പുരോഗമിക്കുന്നത്. സ്വർണം, വെള്ളി, ഭൂമി, കെട്ടിടങ്ങൾ, മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവയുടെ നിലവിലെ വിപണി മൂല്യം കണക്കാക്കി സംസ്ഥാത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ സമഗ്ര ആസ്തി റിപ്പോർട്ട് വൈകാതെ സർക്കാരിന് കൈമാറും.









