ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ ചേർന്നുവെന്നാണ് പരിഹാസം. മറിയക്കുട്ടിയുടെ പേര് പറയാതെയാണ് മറുപടി. ആപത്ഘട്ടത്തിൽ കോൺഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടേയെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീടില്ലാത്ത എല്ലാവർക്കും വീട് വേണം എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്നോട് ഒരാൾ പറഞ്ഞ ഒരു സംഭവം ഞാൻ ഓർക്കുകയാണ്. വീടില്ലാത്ത ഒരാൾക്ക് ഒരു പാർട്ടി വീട് വച്ച് നിർമിച്ചുനൽകി. അയാൾ ആ വീട്ടിൽ നന്നായി താമസം തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അയാളുടെ കിണറ്റിൽ ഒരു പൂച്ച ചത്തുകിടക്കുന്നതായി കണ്ടു. ആ പൂച്ചയെ എടുക്കാൻ മറ്റൊരു പാർട്ടിക്കാരാണ് വന്നത്. അവസാനം വീടിന്റെ ഉടമ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിയിൽ ചേർന്നു’. മറിയക്കുട്ടിയുടെ വിമർശനങ്ങൾക്ക് പേര് പറയാതെ സണ്ണി ജോസഫ് പരിഹസിച്ചത് ഇങ്ങനെ.
കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി വിമർശിച്ചിരുന്നു. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി പ്രതികരിച്ചു. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു






