ജെൻസി തലമുറയെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റി: ശശി തരൂർ എംപി


ന്യൂഡൽഹി: പുതിയ തലമുറയായ ‘ജെൻസി’യുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നുവരാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് ശശി തരൂർ എംപി. യുവാക്കളുടെ ശബ്ദമായി മാറിയ സിജെപിയെപ്പോലെ ഈ വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഫലപ്രദമായി ഏറ്റെടുക്കാൻ എന്തുകൊണ്ട് പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് സ്വയം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വിദ്യാർത്ഥികളുടെ വിഷയങ്ങൾ നിരന്തരം ഉന്നയിച്ചിട്ടുണ്ടെങ്കിലും സിജെപിയെപ്പോലെ അത് ആഴത്തിൽ എത്തിക്കാൻ സാധിച്ചില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. മുംബൈയിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് തരൂരിന്റെ ഈ വിമർശനം.
യുവാക്കളുടെ പ്രതികരണങ്ങളെയും നിലപാടുകളെയും ഗൗരവത്തോടെ ഉൾക്കൊണ്ടില്ലെങ്കിൽ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലക്രമേണ അപ്രസക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തരൂരിന്റെ ഈ പ്രസ്താവന വഴിവെച്ചേക്കും.










