കെസി വേണുഗോപാൽ എംപിക്കെതിരെ വ്യാജ പ്രചാരണമെന്ന് പരാതി; കൈരളി ന്യൂസിനെതിരെ തെര. കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺ​ഗ്രസ്

കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്. എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൈരളി ന്യൂസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്. എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പൊതുജനങ്ങൾക്കിടയിൽ കെസിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിൽ നിന്നും വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കെപിസിസി വൈസ് പ്രസിഡന്റ് എഎ ഷുക്കൂർ ആലപ്പുഴ നോർത്ത് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ വകുപ്പുകളായ 336(4) (വ്യാജരേഖ ചമയ്ക്കൽ), 353(2) (പൊതുജനമധ്യത്തിൽ വിദ്വേഷം പടർത്തൽ), 61 (ക്രിമിനൽ ഗൂഢാലോചന), ഐടി ആക്ട് സെക്ഷൻ 66 എന്നിവ പ്രകാരം കൈരളി ന്യൂസിനും അതിന്റെ ഉത്തരവാദിത്തപ്പെട്ടവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Top News from last week.

Latest News

More from this section