സ്ത്രീകൾക്ക് വ‍ര്‍ഷം ഒരു ലക്ഷം രൂപ; പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്.

തൊഴിലില്ലായ്മയ്ക്കാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്‌. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. സർക്കാർ – പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി – പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകുമെന്നതടക്കം പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

തൊഴിൽ, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പ്രകടനപത്രികയെന്ന് പി. ചിദംബരം പറഞ്ഞു. യുവാക്കൾ, വനിതകൾ, കർഷകർ, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Top News from last week.