ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

ലുധിയാന∙ ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള എം.പി. സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ നടക്കവെ ഹൃദയമിടിപ്പ് വർധിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഫഗ്വാരയിലെ വിർക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. യാത്ര നിർത്തിവെച്ച് രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. യാത്ര താത്കാലികമായി നിർത്തിവെച്ചു.

ലോഹ്രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. ലധൗലിൽ നിന്നാണ് ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചത്. സന്ദോഖ് സിങ് ചൗധരിയുടെ മകൻ വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗർ പിന്നിട്ടുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Top News from last week.