കണ്ണൂർ: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന മോഷണ പരമ്പരകളിൽ പോലീസിനെതിരെ ആരോപണങ്ങളുമായി കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര രംഗത്ത്. നഗരത്തിലെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം കോർപ്പറേഷനല്ലെന്ന് വ്യക്തമാക്കിയ മേയർ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെ പറ്റി പരാതി പറഞ്ഞു.ഇത്രയും കാലം ഒരേ പ്രദേശത്ത് തന്നെ തുടർച്ചയായി കവർച്ച നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നിട്ടും അതേ സ്ഥലത്ത് വീണ്ടും മോഷണം നടത്താൻ കള്ളന്മാർക്ക് ധൈര്യമുണ്ടാകുന്നു എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. പിടികിട്ടാപ്പുള്ളികളായ ഇത്തരം കുറ്റവാളികൾക്ക് പിന്നിൽ ആരുടെയെങ്കിലും സംരക്ഷണമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മേയർ ചോദ്യമുയർത്തി.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത് കർശന പരിശോധന.
രാത്രികാലങ്ങളിൽപ്പോലും ജനങ്ങൾ നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നഗരമധ്യത്തിലാണ് ഇത്തരത്തിൽ പരക്കെ കവർച്ച നടക്കുന്നത്. ഈ സാഹചര്യം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സുരക്ഷിതത്വബോധത്തെയും പൂർണ്ണമായി ഇല്ലാതാക്കുന്നതാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പോലീസിന്റെ ഭാഗത്തുനിന്നും കർശനമായ പുനഃപരിശോധന ഉണ്ടാകണം. നഗരത്തിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അധികാരികൾക്ക് ഔദ്യോഗികമായി കത്തു നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു.
കണ്ണൂർ പ്ലസ് ക്ലബ് റോഡിന് പുറമെ വിനോദസഞ്ചാരികൾ ഏറെയെത്തുന്ന പയ്യാമ്പലത്തും സമാനമായ രീതിയിൽ കവർച്ച നടന്നിട്ടുണ്ട്. ഇവിടെ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. നിലവിൽ മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമമാക്കാനുള്ള നടപടികൾ കോർപ്പറേഷന്റെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.കൂടാതെ, നഗര ഹൃദയമായ പഴയ ബസ് സ്റ്റാൻഡ് പരിസരത്തിന്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി, അടുത്ത കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആവശ്യമായ കർമ്മപദ്ധതികൾ ചർച്ച ചെയ്യുമെന്നും അതിനനുസരിച്ചുള്ള തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നും മേയർ പ്രതികരിച്ചു.









