മലപ്പുറം വിവാദ പരാമർശം; വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം, പൊലീസിൽ പരാതി നൽകി എഐവൈഎഫ്

 

മലപ്പുറം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം നേരിടുന്ന സമയത്താണ് പരാതി. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡൻറ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയിരുന്നു.

മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാർക്ക് ഒന്നുമില്ലെന്നും ഈഴവർക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാർ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻറെ വിവാദ പ്രസ്താവന. ഇന്നലെ മലപ്പുറം ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ”മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. അവർക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവർ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല” എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംഘപരിവാർ നേരത്തെ ഉയർത്തിയ വാദങ്ങൾ ഏറ്റുപിടിക്കുന്നതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ കോഴിക്കോട് ഓടയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിച്ച സംഭവത്തിലും വെള്ളാപ്പള്ളി സമാനമായ രീതിയിൽ വിദ്വേഷ പരാമർശം നടത്തിയിരുന്നു. നൗഷാദിൻറെ കുടുംബത്തിന് ജോലി നൽകിയതിലായിരുന്നു വെള്ളാപ്പള്ളിയുടെ ഈ മോശം പരാമർശം. താൻ സംഘപരിവാർ ചേരിയിൽ അല്ലെന്ന് ആവർത്തിച്ച് പറയാറുള്ള വെള്ളാപ്പള്ളി സംഘപരിവാറിൻറെ അതേ ഭാഷയിലാണ് പ്രതികരിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Top News from last week.

Latest News

More from this section