വിവാദങ്ങൾ അടങ്ങിയില്ലെങ്കിലും അന്താരാഷ്ട്രവിപണിയിൽ റെക്കോഡുകൾ സ്വപ്നംകണ്ട് ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ജോഡിയുടെ പഠാൻ. ബുക്കിങ് ആരംഭിച്ച വിദേശരാജ്യങ്ങളിലെല്ലാം മികച്ച പ്രതികരണം. ഈമാസം 25-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജർമനിയിൽ ഡിസംബറിൽതന്നെ ബുക്കിങ് തുടങ്ങി. ഹാംബർഗിലും ബെർലിനിലും ടിക്കറ്റുകൾ പെട്ടെന്ന് വിറ്റഴിയുന്നു. യു. എ.ഇ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെയും ചിത്രം തരംഗമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആനന്ദ് സിദ്ധാർഥ് സംവിധാനംചെയ്ത പഠാൻ യഷ് രാജ് ഫിലിംസാണ് നിർമിച്ചത്. അതിനിടെ ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക അണിഞ്ഞ കാവിവസ്ത്രത്തിനെതിരേ സംഘപരിവാർ ഉയർത്തുന്ന പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബഹിഷ്കരണാഹ്വാനം തുടരുകയാണ്. ചിത്രം ചാർട്ടുചെയ്തിട്ടുള്ള തിയേറ്ററുകൾക്കുനേരെ ഭീഷണി ഉയരുന്നുമുണ്ട്.