തിരുവനന്തപുരം: വിവാദമായ ഹെലികോപ്റ്റർ യാത്രയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാനല്ല, മറിച്ച് സർക്കാരിന് ഗുണകരമാകുന്ന ഔദ്യോഗിക ആവശ്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരു നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും, നിക്ഷേപകർ നേരത്തെ കാണാൻ സമയം ചോദിച്ചതിനാലാണ് ഹെലികോപ്റ്റർ വേണ്ടിവന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഏത് നിക്ഷേപക ഗ്രൂപ്പുമായാണ് കൂടിക്കാഴ്ച നടത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ആ ഗ്രൂപ്പിനെക്കൂടി വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
പ്രളയക്കെടുതി പ്രതിരോധിക്കാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം
സംസ്ഥാനത്തെ കനത്ത കാലവർഷക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്നിരുന്നു. ദുരന്തനിവാരണ സെക്രട്ടറി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതികളിൽ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതർക്കായി 316 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂടാതെ 165 ഹെക്ടറിൽ കൃഷിനാശമുണ്ടായതായും കണക്കാക്കുന്നു. ഡാമുകൾ തുറന്നുവിട്ടു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.








