കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ മൂന്നുവർഷവും കണ്ണൂർ ദസറ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. മൈസൂർ ദസറ കഴിഞ്ഞാൽ പേരുകേട്ട ദസറ ആഘോഷം കണ്ണൂരിൽ ആയിരുന്നു. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ ആഘോഷത്തെ അതിൻറെ എല്ലാ പ്രൗഡിയോടും ഈ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ വാണിജ്യ മേഖലയെ കൂടി ഉത്തേജിപ്പിക്കുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം . കണ്ണൂരിലെ ജനങ്ങൾ ഏറെ ആവേശത്തോടെ കഴിഞ്ഞ വർഷങ്ങളിൽ ദസറ ആഘോഷം ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെച്ച് ഗംഭീരമായി തന്നെ ആഘോഷിക്കാൻ പോവുകയാണ്. ഇത്തവണ കണ്ണൂർ ദസറയുടെ ഭാഗമായി അനുദിനം മന്ദീഭവിച്ച് കൊണ്ടിരിക്കുന്ന വ്യാപാരി മേഖലയെ കൈപിടിച്ചുയർത്താൻ കണ്ണൂർ കോർപ്പറേഷൻറെ നേതൃത്വത്തിൽ കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവൽ കൂടി സംഘടിപ്പിക്കുന്നു. കണ്ണൂരിലെ വ്യാപാര മേഖലക്ക് പുത്തൻ ഉണർവുണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 25 മുതൽ ഒക്ടോബർ 10 വരെ കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മേയർ മുസ്ലിഹ് മഠത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് ദിവസം നീളുന്ന കണ്ണൂർ ദസറ അരങ്ങേറുമ്പോൾ വിവിധ ദിക്കുകളിൽ നിന്നു നൂറുകണക്കിന് ആളുകളാണ് കണ്ണൂർ നഗരത്തിലേക്ക് എത്തുന്നത്. ഇതുവഴി വ്യാപാര മേഖലക്ക് കൂടി വൻമുന്നേറ്റം സാധ്യമാകണമെന്ന ലക്ഷ്യമാണ് ഷോപ്പിങ് ഫെസ്റ്റിവലെന്ന വേറിട്ട പദ്ധതിക്ക് കോർപ്പറേഷൻ നേതൃത്വം നൽകാൻ കാരണം. കാലത്തിന് ആവശ്യമായ വിവിധ പ്രമേയങ്ങളുമായാണ് വർഷങ്ങളായി കണ്ണൂർ കോർപ്പറേഷൻ ദസറ സംഘടിപ്പിക്കാറുള്ളത്. ഇത്തവണത്തേത് വ്യാപാരികളെ ചേർത്തിപിടിക്കുന്ന ദസറയാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ എല്ലാ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ നൽകുന്നതാണ് പദ്ധതി. ഷോപ്പിങ് ഫെസ്റ്റിവലിന് കണ്ണൂരിലെ എല്ലാ വ്യാപാരികളുടെയും സംഘടനകളുടെയും പൂർണ പിന്തുണയുമുണ്ട്. സൗജന്യ കൂപ്പൺ നറുക്കെടുപ്പിൽ ബംബർ സമ്മാനമായി ബെലേനോ കാർ, രണ്ടാംസമ്മാനമായി അഞ്ച് പേർക്ക് ജുപിറ്റർ സ്കൂട്ടർ നൽകുന്നതാണ്. മൂന്നാംസമ്മാനമായ് 50 പേർക്ക് സ്മാർട്ട് ഫോണുകൾ എന്നിവ നൽകും. ഇതു കൂടാതെ 200 പേർക്ക് സമാശ്വാസമായി 1000 രൂപയുടെ സമ്മാനവും നൽകുന്നതാണ്. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മൂന്നു വ്യാപാരികൾക്ക് സ്കൂട്ടറും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കൈമാറും.
മേയർക്കൊപ്പം ദസറ സംഘാടക സമിതി കൺവീനർ പി. ഇന്ദിര, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ , എം.പി രാജേഷ്, വി.കെ ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, ദസറ കോർഡിനേറ്റർ ടി. ഒ മോഹനൻ, വ്യാപാരി സംഘടന പ്രതിനിധികളായി പി. അബ്ദുൽ ബാസിത് , സി മനോഹരൻ മർച്ചന്റ് ചേംബർ പ്രസിഡന്റ് ടി കെ രമേഷ് കുമാർ പ്രസ് ക്ലബ് പ്രസിഡണ്ട് സി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു










