ദില്ലി: രാജ്യത്തിൻറെ 15ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണൻറെ വിജയം. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.
നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആർഎസ്എസിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദൾ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.









