ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോ?ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ?ഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയാണ് സി പി രാധാകൃഷ്ണൻ.
1957 ഒക്ടോബർ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ ആർഎസ്എസ് അംഗമായാണ് തൻറെ പൊതുജീവിതം ആരംഭിച്ചത്. 1998-ലും 1999-ലും കോയമ്പത്തൂർ ലോക്‌സഭാ സീറ്റിൽ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (BBA) ബിരുദം നേടി.
17 വയസിൽ തന്നെ ഭാരതീയ ജനസംഘത്തിലും ആർഎസ്എസിലും അദ്ദേഹം സജീവമായി. 1974-ൽ ജനസംഘത്തിൻറെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന ബിജെപി പ്രസിഡൻറ്, കയർ ബോർഡ് ചെയർമാൻ, ടെക്‌സ്‌റ്റൈൽസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പ്രധാനപ്പെട്ട പദവികൾ അദ്ദേഹം വഹിച്ചു.
സംഘടനാ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. കേരളത്തിൻറെ ബിജെപി ചുമതലയുള്ള നേതാവാകുന്നതിന് മുൻപ് തമിഴ്‌നാട്ടിൽ 93 ദിവസത്തെ ‘രഥയാത്ര’ നടത്തി. 2004 മുതൽ 2007 വരെ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ചു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാനയുടെ ഗവർണറായും പുതുച്ചേരിയുടെ ലെഫ്റ്റനൻറ് ഗവർണറായും അധിക ചുമതല വഹിച്ചു. 2024 ജൂലൈ 31-ന് മഹാരാഷ്ട്ര ഗവർണറായി അദ്ദേഹം ചുമതലയേറ്റു. ഏകദേശം നാല് പതിറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ ജീവിതമുള്ള അദ്ദേഹത്തെ തമിഴ്‌നാട്ടിൽ വലിയ വേരുകളുള്ള പരിചയസമ്പന്നനായ ബിജെപി നേതാവായിട്ടാണ് കണക്കാക്കപ്പെടുന്നത്.









