സിപിഐഎമ്മുമായി അകൽച്ച; മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്

 

കൊല്ലം: സിപിഐഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎമ്മിൽ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് വേദിയിലേക്ക് എത്തുന്നത്.

യോഗത്തിൽ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കും. സിപിഐഎം നേതൃത്വവുമായി അകൽച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ സിപിഐഎം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ആർ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയായിരുന്നു അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്.

അയിഷ പോറ്റിയെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമം ശക്തമാണ്. നേരത്തെ അയിഷ പോറ്റിയെ പ്രശംസിച്ച് കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. പാർട്ടിയുടെ വാതിലുകൾ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു.

Top News from last week.