കണ്ണൂർ: പച്ചയ്ക്കുള്ള വർഗീയതയാണ് സി.പി.എം കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡി.സി.സി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗി ആദ്യത്യനാഥിന്റെ ആശംസ വായിച്ച് കോൾമെയിർ കൊള്ളുന്ന ദേവസ്വം മന്ത്രി. ഇതു കേട്ട് വേദിയിൽ പുളകം കൊള്ളുന്ന മുഖ്യമന്ത്രി. ബി.ജെ.പിയുടെയും വർഗീയ ശക്തികളുടേയും വഴിയിലാണ് സി.പി.എം. യോഗി-പിണറായി കൂട്ടുകെട്ട് ഇതിനുള്ളതാണ്.സതീശൻ പറഞ്ഞു.
സി.പി.എമ്മിന്റെ അയപ്പ ഭക്തി കപടമാണ്. ഭരണത്തിന്റെ പത്താമത്തെ വർഷമാണ് ഭക്തി വരുന്നത്. ഇപ്പോഴും കോടതിയിൽ കൊടുത്ത സത്യവാങ്മൂലം ശബരിമലയിൽ കാട്ടിക്കൂട്ടിയത് ശരിയാണെന്നാണ്. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കേസുകളെടുത്തിട്ടുണ്ട്.ഇത് ഇതുവരെ പിൻവലിച്ചിട്ടില്ല. ശബരിമല വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. യു.ഡി.എഫ് ഇതെല്ലാം തുറന്നു കാട്ടും. അദ്ദേഹം പറഞ്ഞു.
താൽക്കാലിക ലാഭത്തിനു വേണ്ടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയ ശക്തികളുമായി സമരസപ്പെടില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സാമുദായിക സംഘടനകളുമായെല്ലാം നല്ല ബന്ധത്തിലാണ്. എൻ.എസ്.എസിന്റേത് സമദൂര സിദ്ധാന്തമാണ്. വർഗീയ ശക്തികളുമായി അവരിതു വരെ കൈകോർത്തിട്ടില്ല.
മുസ്ലിം ലീഗിനേക്കാൾ തീവ്രതയുള്ള ഐ.എൻ.എല്ലിനെ കക്ഷത്തിൽ വെച്ചാണ് ഗോവിന്ദൻ, മുസ്ലിം ലീഗിന്റെ മതേതരത്വം അളക്കാൻ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫിനെ മതേതരത്വം പഠിപ്പിക്കാൻ ഗോവിന്ദനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജും കൂടെയുണ്ടായിരുന്നു.









