തിരുവനന്തപുരം: സംസ്ഥാനത്ത് പെരുകിവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം നടപ്പിലാക്കാൻ ഒരുങ്ങി കേരളം. ആളുകൾക്ക് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രോട്ടൊക്കോൾ അധികൃതർ തയ്യാറാക്കി.
പദ്ധതിയുടെ നടത്തിപ്പിനായി ഓരോ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പ്രത്യേക സമിതികൾ രൂപീകരിക്കും. ഏതൊക്കെ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഈ സമിതികളായിരിക്കും. നായ്ക്കൾക്കായി ഷെൽട്ടറുകൾ ഒരുക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർമാർക്ക് വരുംദിവസങ്ങളിൽ നിർദേശം നൽകും.
അതോടൊപ്പം, രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ ‘സ്‌മോൾ – ഷെൽട്ടർ’ ആയി പരിഗണിച്ച് പ്രത്യേക ലൈസൻസ് നൽകാനും തീരുമാനമായിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും സർക്കാർ രൂപീകരിക്കും.








