കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനോട് ഇന്ന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. വിദേശത്തുള്ള യാസർ ഹാജരാകുന്നില്ലെങ്കിൽ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ ഇന്നലെ ഹാജരാകാനാണ് ഒന്നാം പ്രതി സി കെ ഗോപാലകൃഷ്ണനും രണ്ടാം പ്രതി കെ എം ഷാജഹാനും നോട്ടീസ് നൽകിയത്. എന്നാൽ ഇരുവരും ഇന്നലെ ഹാജരായില്ല. സി കെ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യം തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായാൽ അറസ്റ്റുണ്ടാകുമെന്ന നിയമോപദേശത്തെത്തുടർന്നാണ് തീരുമാനം. കേസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനോട് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വിദേശത്തുള്ള യാസറും ഹാജരാകാൻ സാധ്യതയില്ല. ഇതോടെ തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
അതേസമയം, ഷാജഹാൻറെയും ഗോപാലകൃഷ്ണൻറെയും പിടിച്ചെടുത്ത ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ല. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നായിരുന്നു അന്വേഷണസംഘത്തിൻറെ പ്രതീക്ഷ. എന്നാൽ മെറ്റയുടെ മറുപടിയും വൈകുമെന്നാണ് സൂചന. അറസ്റ്റും കൂടുതൽ പേരെ പ്രതിചേർക്കുന്നതടക്കമുള്ള നടപടികളും ഈ റിപ്പോർട്ട് ലഭിച്ച ശേഷമാകും ഉണ്ടാകുക. സൈബർ അധിക്ഷേപത്തിൽ സിപിഎം എംഎൽഎമാർ നൽകിയ പരാതിയിലും പൊലീസ് തുടർനടപടികളിലേക്ക് കടന്നു. എംഎൽഎമാരായ പി വി ശ്രീനിജൻ, ആൻറണി ജോൺ, കെ ജെ മാക്‌സി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അതിനിടെ, തനിക്കും കുടുംബത്തിനും എതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയിൽ ഇന്നലെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസ് എടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.









