കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് ഇൻസ്റ്റഗ്രാം വഴി സൈബർ തട്ടിപ്പ്. ‘ധൻ ധൻ യോജന’ പദ്ധതി വഴി കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന് വ്യാജ പ്രചാരണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ആലുവ സൈബർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിൽ വടക്കേക്കര സ്വദേശിയായ ഡെയിൻ ഫ്രാൻസിന് 2,499 രൂപ നഷ്ടമായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിച്ച വ്യാജ പരസ്യം കണ്ടാണ് ഡെയിൻ പണം നൽകിയത്. ക്ലെയിം തുക ലഭിക്കുന്നതിനായി നിശ്ചിത തുക അടയ്ക്കണമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്.
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച പ്രചാരണങ്ങൾക്കെതിരെയും അതിന് പിന്നിലെ തട്ടിപ്പ് സംഘത്തിനെതിരെയും അന്വേഷണം ഊർജ്ജിതമാക്കിയതായി സൈബർ പോലീസ് അറിയിച്ചു.









