കണ്ണൂർ: കഴിഞ്ഞ ദിവസം 30 പവൻ സ്വർണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജിൽവെച്ച് ദർഷിതയും സുഹൃത്തും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് ഇയാൾ ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടിൽ നിന്ന് ദർഷിത മകൾ അരുന്ധതിയുമൊത്ത് കർണാടകയിലെ സ്വന്തം നാടായ ഹുൻസുർ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകീട്ടോടെയാണ് വീട്ടിൽ മോഷണം നടന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഭർതൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. വീടിന്റെ വാതിൽക്കൽ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തളളിത്തുറന്നാണ് കളളൻ വീടിനകത്ത് കയറിയത്. സംഭവത്തിൽ ഇരിക്കൂർ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിരുന്നു.








