കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തിലെ അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കണ്ണൂർ ബി.എം.എച്ച് ആശുപത്രി മാനേജ്മെന്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പരാതി നൽകി. സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ചികിത്സയിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം പേരും ശരിവെച്ചിരുന്നെങ്കിലും, ഇനി വരാനിരിക്കുന്ന സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് വൈകുമെന്ന ആശങ്കയും കുടുംബത്തിനുണ്ട്. പയ്യന്നൂർ സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകനായ ദേവാൻഷിന് കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റിരുന്നു. തുടർന്ന് തുന്നലിടാനായി പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതോടെയാണ് കുഞ്ഞിന്റെ നില വഷളായത്. പിന്നീട് കണ്ണൂരിലെ ബി.എം.എച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.
നിലവിൽ അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന 27-ന് തലശ്ശേരി കോടതി പരിഗണിക്കും.








