കൊല്ലം: സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര കസ്റ്റഡി മർദ്ദന ആരോപണം. കൊല്ലം പെരുമ്പുഴ സ്വദേശി സിയാദ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവമാണ് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് നീളുന്നത്. സിയാദിന്റെ മരണത്തിന് പിന്നിൽ പോലീസ് മർദ്ദനമാണെന്ന മകളുടെ ശബ്ദരേഖയും, പോലീസ് മർദ്ദിക്കുന്നത് കണ്ടെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലും പുറത്തുവന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്. സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ റിപ്പോർട്ട് തേടുകയും കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 16-ന് അയൽവാസികളായ കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് സിയാദിനെ കുണ്ടറ പോലീസ് അർദ്ധരാത്രി കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വിട്ടയച്ചെങ്കിലും, ജീപ്പിൽ വെച്ച് എസ്.ഐ സമ്പത്ത്, സി.പി.ഒ ശ്രീജിത്ത് എന്നിവർ തന്ന ക്രൂരമായി മർദ്ദിച്ചതായി സിയാദ് വെളിപ്പെടുത്തിയെന്നാണ് പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുള്ളത്. മർദ്ദനമേറ്റതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ സിയാദ് ഈ മാസം രണ്ടിന് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാൽ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലോ ചികിത്സാ രേഖകളിലോ മർദ്ദനമേറ്റതിന്റെ സൂചനകളില്ലെന്നും, മഞ്ഞപ്പിത്തം മൂർച്ഛിച്ചതും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണകാരണമെന്നുമാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിവൈ.എഫ്.ഐ പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.








