കുണ്ടറയിലെ യുവാവിൻ്റെ മരണം: കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല: മന്ത്രി പി.സി വിഷ്ണുനാഥ്

കുണ്ടറ: കുണ്ടറയിൽ ജൂൺ 16-ന് കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. മരണപ്പെട്ട സിയാദിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിയാദിന്റെ പിതാവുമായി സംസാരിച്ചതായും കുടുംബം ഉന്നയിച്ച പരാതികൾ വളരെ ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവിന് അറിയാവുന്ന മുഴുവൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. സംഭവത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നിലവിൽ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ മുൻപും പരാതി

കേസിൽ ആരോപണവിധേയനായ എസ്.ഐ. അതുലിന്റെ പെരുമാറ്റത്തിനെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ സ്വീകരണത്തിനിടെ കൊല്ലം ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന രഘു പാണ്ഡവപുരത്തെ ക്രൂരമായി മർദ്ദിച്ചത് ഇതേ ഉദ്യോഗസ്ഥനാണ്. അന്ന് രഘുവിന്റെ മൂക്കിൽ നിന്ന് ചോര വരുന്ന സാഹചര്യമുണ്ടായതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നതായും മന്ത്രി ഓർമിപ്പിച്ചു.
കാട്ടുനീതി നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകില്ലെന്ന് ആവർത്തിച്ച മന്ത്രി, അന്വേഷണം പുരോഗമിക്കുന്നതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കി.

Top News from last week.