ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ഫർസീൻ മജീദിന് നേരെ വധഭീഷണി. “ശുഹൈബിന്റെ ഗതി നിനക്കും വരും; ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാനാകും” എന്നാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഫർസീൻ മജീദ് മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് പരാതി നൽകി.കോൾ വന്ന ഫോൺ നമ്പർ സഹിതം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം, ഇൻഡിഗോ വിമാനത്തിലെ അക്രമ കേസിൽ ഇ.പി. ജയരാജൻ,പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുൻ ഗൺമാൻമാർ എന്നിവർക്കെതിരെ ഫർസീൻ മജീദ് കോടതിയിൽ നിർണായക മൊഴി നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫോണിലൂടെയുള്ള വധഭീഷണി എത്തിയത്. രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മട്ടന്നൂരിലെ ശുഹൈബിന്റെ പേര് പരാമർശിച്ചുകൊണ്ട് വന്ന ഭീഷണി കോളിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.









