കണ്ണൂർ: മേലേചൊവ്വ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതകുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണാൻ ടി. ഒ മോഹൻ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഇതിനവശ്യമായ വിവിധ നടപടികൾക്ക് യോഗം നിർദേശം നൽകി. മേൽപ്പാലം നിർമാണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും മൂലം ഇവിടെ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്.ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കണം.ഇതിനുശേഷം റോഡ് റീടാറിങ് പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജൂലൈ 16 ന് തുടങ്ങി പിറ്റേന്ന് പൂർത്തിയാക്കും.
ഗതാഗത തടസം ഉണ്ടാക്കുന്ന വൈദ്യുതി പോസ്റ്റ് ഒരാഴ്ച്ചയ്ക്കുള്ളിൽ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിക്കും.കാലാവസ്ഥ അനുകൂലമെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കി, പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു. തിങ്കളാഴ്ച എംഎൽഎയുടെ ഓഫീസിലായിരുന്നു യോഗം.നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ മേഖലയിൽ വിന്യസിക്കാനും യോഗം തീരുമാനിച്ചു.
ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ കെ.കെ സുബൈർ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, പോലീസ്, ട്രാഫിക് പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊരാളുങ്കൽ സൊസൈറ്റി, വിശ്വസമുദ്ര പ്രതിനിധികളും പങ്കെടുത്തു.









