തോൽവി അപ്രതീക്ഷിതം; സ്ഥാനാർത്ഥി നിർണ്ണയം മുതൽ അയ്യപ്പ സംഗമം വരെ പിഴച്ചു – തുറന്നുസമ്മതിച്ച് എ.എൻ. ഷംസീർ

​മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് മുൻ സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥി നിർണ്ണയം മുതൽ അയ്യപ്പ സംഗമം വരെയുള്ള കാര്യങ്ങളിൽ പാർട്ടിക്കുണ്ടായ വീഴ്ചകളാണ് ഷംസീർ പരസ്യമായി സമ്മതിച്ചത്. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ സ്വയം വിമർശനം.

​ഇത്ര വലിയൊരു തിരിച്ചടി പാർട്ടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷംസീർ വ്യക്തമാക്കി. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വോട്ടെണ്ണലിന്റെ തുടക്കത്തിൽ, പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ലഭിച്ച മുന്നേറ്റം പിന്നീട് ഒലിച്ചുപോകുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
​പ്രധാനമായും ചില മേഖലകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ തോൽവിക്ക് ആക്കംകൂട്ടി. പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ശരിയായില്ല എന്ന് ഷംസീർ തുറന്നടിച്ചു. കൂടാതെ, വെള്ളാപ്പള്ളി നടേശനെപ്പോലൊരു നേതാവിനെ ചേർത്തുപിടിച്ചത് തിരിച്ചടിയായി. വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ ശക്തമായി നേരിടുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റി. അയ്യപ്പ സംഗമം പോലുള്ള സംഭവങ്ങളും തെരഞ്ഞെടുപ്പിൽ നെഗറ്റീവായി ബാധിച്ചുവെന്ന് അദ്ദേഹം വിലയിരുത്തി.

​സിപിഎം സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും തോൽവിയെക്കുറിച്ച് നടത്തിയ വിലയിരുത്തലുകൾ തന്നെയാണ് ഷംസീറും പങ്കുവെച്ചത്. എന്നാൽ, എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖ നേതാക്കളാരും ഇതേവരെ ഈ കാര്യങ്ങൾ പരസ്യമായി പറയാൻ തയ്യാറായിരുന്നില്ല. പാർട്ടിയിലെ ഔദ്യോഗിക ചർച്ചകൾ നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നെങ്കിലും ഒരു സംസ്ഥാന നേതാവ് ഇതാദ്യമായാണ് പൊതുവേദിയിൽ ഇത് തുറന്നുപറയുന്നത്.

​നേരത്തെ, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് എം.വി. ജയരാജൻ സമാനമായ അഭിപ്രായം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് തിരുത്തിയിരുന്നു. എന്നാൽ, ഷംസീറിന്റെ ഇപ്പോഴത്തെ പ്രതികരണം പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Top News from last week.

Latest News

More from this section