മത്സരത്തിൽ വെറും 38 പന്തിൽ നിന്ന് 90 റൺസ് അടിച്ചുകൂട്ടിയ മിച്ചൽ മാർഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ലഖ്‌നൗ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ മറികടന്നത്
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കാനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ (CSK) ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. വെള്ളിയാഴ്ച (മെയ് 15) ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്റ്സ് (LSG) ചെന്നൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.
മത്സരത്തിൽ വെറും 38 പന്തിൽ നിന്ന് 90 റൺസ് അടിച്ചുകൂട്ടിയ മിച്ചൽ മാർഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ലഖ്‌നൗ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ മറികടന്നത്. ഈ തോൽവിയോടെ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് തുടരുകയാണ്. ഇനി സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെയാണ് ചെന്നൈയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് റേസിൽ ശക്തമായി നിലകൊള്ളുന്ന ടീമുകളാണിവർ.ഈ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. കാര്യങ്ങൾ ലളിതമായി പറഞ്ഞാൽ, ചെന്നൈയുടെ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ആദ്യ നാലിൽ ഇടംപിടിക്കാൻ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ചെന്നൈക്ക് ഇനി വിജയം അനിവാര്യമാണ്. ഒരൊറ്റ മത്സരം കൂടി പരാജയപ്പെട്ടാൽ ചെന്നൈക്ക് യോഗ്യത നേടാനാകുമോ? നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കാം.
ചെന്നൈയുടെ അവശേഷിക്കുന്ന മത്സരങ്ങൾ
സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കെതിരെയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരങ്ങൾ. നിലവിൽ ഗുജറാത്തിന് 14 മത്സരങ്ങളിൽ നിന്ന് പരമാവധി 20 പോയിന്റും ഹൈദരാബാദിന് പരമാവധി 18 പോയിന്റും നേടാനുള്ള അവസരമുണ്ട്. അവസാന രണ്ട് മത്സരങ്ങളും വിജയിച്ചാൽ ചെന്നൈക്ക് 16 പോയിന്റിലെത്താൻ സാധിക്കും.
എന്നാൽ 16 പോയിന്റ് നേടിയാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ച് മാത്രമായിരിക്കും ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശം. നിലവിൽ ചെന്നൈക്ക് തൊട്ടുമുകളിലുള്ള രാജസ്ഥാൻ റോയൽസിനും 12 പോയിന്റാണുള്ളതെങ്കിലും അവർ ഒരു മത്സരം കുറച്ചാണ് (11 മത്സരങ്ങൾ) കളിച്ചിട്ടുള്ളത്.
രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ
ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നിവർക്കെതിരെയാണ് രാജസ്ഥാന്റെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ. രാജസ്ഥാൻ ഈ മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് അത് വലിയ തിരിച്ചടിയാകും.
അതിനാൽ രാജസ്ഥാൻ തങ്ങളുടെ മത്സരങ്ങളിൽ ഒന്നിലെങ്കിലും പരാജയപ്പെടണമെന്നാണ് ചെന്നൈ ആഗ്രഹിക്കുന്നത്. രാജസ്ഥാനും 16 പോയിന്റിൽ അവസാനിക്കുകയാണെങ്കിൽ നെറ്റ് റൺറേറ്റ് (NRR) നിർണ്ണായകമാകും. നിലവിൽ പ്ലേ ഓഫിനായി പോരാടുന്ന ടീമുകളിൽ വെച്ച് ഏറ്റവും കുറഞ്ഞ റൺറേറ്റാണ് (+0.027) ചെന്നൈക്കുള്ളത്.
പഞ്ചാബ് കിംഗ്സിന്റെ പ്രകടനം
ചെന്നൈക്ക് പ്ലേ ഓഫിൽ കയറണമെങ്കിൽ പഞ്ചാബ് കിംഗ്സ് തങ്ങളുടെ അവസാന മത്സരങ്ങളിൽ പരാജയപ്പെടേണ്ടതുണ്ട്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ലഖ്‌നൗ സൂപ്പർ ജയന്റ്സ് എന്നിവർക്കെതിരെയാണ് പഞ്ചാബിന്റെ അവസാന മത്സരങ്ങൾ. നിലവിൽ 16 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള ആർസിബിയും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പഞ്ചാബ് തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെട്ടാൽ പോലും അത് ചെന്നൈക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.
14 പോയിന്റോടെ ചെന്നൈക്ക് യോഗ്യത നേടാനാകുമോ?
ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന ഒന്നാണ്. നിലവിൽ ആർസിബി, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകൾ മികച്ച റൺറേറ്റോടെ മുന്നിലാണ്. ഈ ടീമുകൾ അവസാന ഘട്ടത്തിൽ വലിയ തകർച്ച നേരിട്ടില്ലെങ്കിൽ പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങൾ ഇവർ ഉറപ്പിക്കും. ചെന്നൈക്ക് 14 പോയിന്റോടെ പ്ലേ ഓഫിൽ കടക്കണമെങ്കിൽ പഞ്ചാബ് കിംഗ്സ് തങ്ങളുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെടണം.
ഒപ്പം രാജസ്ഥാൻ റോയൽസ് തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും തോൽക്കുകയും വേണം. ഈ സാഹചര്യങ്ങൾ ഒത്തുവന്നാൽ പോലും റൺറേറ്റ് വർദ്ധിപ്പിക്കുന്നതിനായി ചെന്നൈക്ക് തങ്ങളുടെ അവസാന മത്സരത്തിൽ വൻ മാർജിനിലുള്ള വിജയം അനിവാര്യമായി വരും.









