ആഡംബര മോഹത്തിന് മുത്തശ്ശന്റെ ജീവനെടുത്തു; ഹരിപ്പാട്ടെ കൊലപാതകത്തിൽ 13-കാരിയും കൂട്ടുകാരും പിടിയിൽ


ഹരിപ്പാട്: വിലകൂടിയ ഐഫോണും ബൈക്കുകളും വാങ്ങാനുള്ള പണത്തിനായി മുത്തശ്ശനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. പിടിയിലായ നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്. കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരാണ് (65) സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. പതിമൂന്നുകാരിയായ പേരക്കുട്ടി നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഭാര്യ മകളുടെ പ്രസവത്തിനായി ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമാണ് വാടകവീട്ടിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് കൃത്യം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടുദിവസമായി വീട് അടഞ്ഞുകിടക്കുകയാണെന്ന് പെൺകുട്ടി തന്നെ നാട്ടുകാരോട് പറയുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറുകയും അലമാരകൾ കുത്തിത്തുറക്കുകയും ചെയ്തിരുന്നു.
ശിവൻകുട്ടിയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിലൂടെ പെൺകുട്ടിയെ കാണിച്ചിരുന്നു. നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.









