കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. താൻ വലിയ ആരോഗ്യപ്രശ്നമാണ് അനുഭവിക്കുന്നതെന്നും തുടർ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം.
ചികിത്സാപ്പിഴവിനെ തുടർന്ന് താൻ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്കും വേദനയ്ക്കും നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ തന്റെ തുടർ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ബഹർഷിനയുടെ ആവശ്യം. രാവിലെ 10 മണിക്കാണ് സമരത്തിന്റെ ഉദ്ഘാടനം നടക്കുക. 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രികകുടുങ്ങിയത്. വർഷങ്ങളോളം വയറ്റിൽ കുടുങ്ങിയ കത്രികയുടെ വേദന പേറിയ ഹർഷിനയുടെ ദുരവസ്ഥ ട്വന്റിഫോറാണ് ആദ്യമായി പുറംലോകത്തെ അറിയിച്ചിരുന്നത്.
കഴിഞ്ഞ എട്ട് വർഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹർഷിന പറയുന്നു. രണ്ടരവർഷം മുൻപ് വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോൾ മുൻപുണ്ടായിരുന്നതിനേക്കാൾ വലിയ ആരോഗ്യപ്രശ്നങ്ങളാണ് താൻ ഇപ്പോൾ നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവർ അടുത്തെത്തി 15 ദിവസത്തിനുള്ളിൽ നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. അവസാന പ്രതീക്ഷയായ കോടതിയിൽ പോലും സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടർമാർ ഹൈക്കോടതിയിൽ ഹർജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷൻ മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാൾക്ക് നീതി നൽകിയില്ലെങ്കിൽ വേറെ ആര് അത് നൽകുമെന്നും ഹർഷിന ചോദിക്കുന്നു. വലിയ പിഴവ് സംഭവിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധമുണ്ടെന്നും ഹർഷിന പറഞ്ഞിരുന്നു.









