കണ്ണൂർസിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റജാഥ ജില്ലയിൽ എല്ലാവിഭാഗം ജനങ്ങളുമായി സംവദിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്‌ച കാലിക്കടവിൽനിന്ന് കണ്ണൂർ ജില്ലയിലേക്ക് സ്വീകരിക്കും. അഞ്ചിന് പാനൂരിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിൽ പ്രവേശിക്കും.തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് പയ്യന്നൂരിലാണ് ജില്ലയിലെ ആദ്യസ്വീകരണം. ജില്ലാ അതിർത്തിയായ കാലിക്കടവിൽനിന്ന് എൽഡിഎഫ് നേതാക്കൾ ജാഥയെ സ്വീകരിച്ചാനയിക്കും. ചൊവ്വാഴ്‌ച രാവിലെ 8.30 ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ച നടക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ കൂടിക്കാഴ്‌ചയിലെത്തും. പത്തിന് പഴയങ്ങാടിയിലാണ് ചൊവ്വാഴ്‌ചത്തെ ആദ്യ സ്വീകരണം. മൂന്നിന് തളിപ്പറന്പിലും നാലിന് ശ്രീകണ്‌ഠപുരത്തും അഞ്ചിന് ഇരിട്ടിയിലുമാണ് സ്വീകരണം. ബുധനാഴ്‌ച രാവിലെ 8.30ന് മട്ടന്നൂർ റാറാ അവീസ് റെസ്‌റ്ററന്റിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച. പത്തിന് മട്ടന്നൂരിൽ സ്വീകരണം. വൈകീട്ട് മൂന്നിന് അഴീക്കോട് വൻകുളത്തുവലയിലും നാലിന് കണ്ണൂരിലെയും സ്വീകരണത്തിനുശേഷം തലശേരിയിൽ സമാപിക്കും. വ്യാഴാഴ്‌ച രാവിലെ പിണറായി കൺവൻഷൻ സെന്ററിലാണ് പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച. പത്തിന് മന്പറത്ത് ആദ്യ സ്വീകരണം. കൈവീട്ട് മൂന്നിന് പാനൂരിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
പത്തുവർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസനമുന്നേറ്റം ജനങ്ങളിലെത്തിക്കുന്നതിനുള്ള ജാഥാപര്യടനം വിജയിപ്പിക്കുന്നതിന് എല്ലാ മണ്ഡലങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്. കഴിഞ്ഞ ദിസവങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ഗൃഹസന്ദർശനത്തിലടക്കം എൽഡിഎഫ് വികസനപ്രവർത്തനങ്ങളെ അംഗീകരിക്കുന്ന കാഴ്‌ചയാണുണ്ടായത്. നാടില്ലാകെ വന്നിട്ടുള്ള മാറ്റത്തെ അതിന്റെ ഗുണഭോക്താക്കളായ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതുകണ്ട് വിവാദങ്ങളും കള്ളപ്രചാരണങ്ങളും അഴിച്ചുവിടുകയാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫും ബിജെപിയും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ 1115 കോടിയുടെ വികസനപദ്ധതികളാണ് ജില്ലയിൽ പ്രഖ്യാപിച്ചത്. നടക്കുന്നതും പൂർത്തിയായതുമായ പദ്ധതികൾകൂടി ചേർത്തുവെച്ചാൽ ജില്ലയുടെ സമഗ്രവികസനമാണ് സാധ്യമാകുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









