ധനരാജ് കീഴറയുടെ ചിത്രപ്രദർശനം തുടങ്ങി*

 

പ്രശസ്ത ചിത്രകാരൻ ധനരാജ് കീഴറയുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനം. “തണുനിലത്തിൻ നാദമെന്നെ ധ്വനിഭരമാക്കിയതോ നീ (I am the voice of wet earth, you made into an echo) കണ്ണൂർ സിറ്റി സെന്ററിന് സമീപമുള്ള സ്പേസ് ആര്ട്ട് ഗാലറിയിൽ ഇന്നലെ ആരംഭിച്ചു.. മെയ് 9 വരെ എല്ലാ ദിവസവും രാവിലെ 11 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രദർശനം. ധനരാജ് വരച്ച 35ഓളം ഡ്രോയിങ്ങുകളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയുള്ളത്.
തവളകളെ ഒരു രൂപകമാക്കി തന്റെ വിഹ്വലതകളെ , പ്രത്യേകിച്ചും യുദ്ധം പോലുള്ള സമകാലിക പ്രശ്നങ്ങളെ, ഈ ചിത്രങ്ങളിലൂടെ ചിത്രകാരൻ വരച്ചിടുന്നു. ഭൂമി സ്വയം നിശബ്ദമാവുകയല്ല, മറിച്ച് അതിനെ നിശബ്ദമാക്കുകയാണ് ചെയ്യുന്നതെന്ന് വിളിച്ചുപറയുന്നവയാണ് ഈ ചിത്രങ്ങൾ. എല്ലാ ശബ്ദങ്ങളും പ്രതിധ്വനികൾ മാത്രമാവുകയാണിവിടെ. ചൂഷണവും ഹിംസയും നിയന്ത്രണവുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ഒരു പ്രതിധ്വനി.
ഈ പ്രദർശനത്തിലെ എല്ലാ ഡ്രോയിങ്ങുകളിലും തവള ഒരു പ്രതീകമാണ് എന്ന് ധനരാജ് പറഞ്ഞു. വളരെ സംവേദനക്ഷമമാണ് തവളയുടെ പൊതുസ്വഭാവം. അരക്ഷിതാവസ്ഥയോടുള്ള ഭയം കാരണം ഇവ എപ്പോഴും ജാഗ്രത പുലർത്തുന്നവയാണ്. പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളോടും ശബ്ദങ്ങളോടും സൂക്ഷ്മമായി പ്രതികരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് ചാടിപ്പോകുന്നതാണ് ഇവയുടെ സ്വഭാവം.
ഏറ്റവും സവിശേഷമായ കാര്യം, മനുഷ്യനും തവളയും സ്വഭാവത്തിൽ വളരെ വ്യത്യസ്തരായ ജീവികളാണെങ്കിലും അവ തമ്മിലുള്ള താരതമ്യം വെറും ശരീരഘടനയിലോ ജീവശാസ്ത്രപരമായ വ്യത്യാസങ്ങളിലോ ഒതുങ്ങുന്നില്ല എന്നതാണ്; അത് കൂടുതൽ ആഴത്തിൽ ജീവിതസമരം, ഭയം, അതിജീവനബോധം എന്നിവയിലെല്ലാം പ്രതിഫലിക്കുന്നു. തവളയുടെ ജീവിതം സ്ഥിരമായ ജാഗ്രതയുടെയും പ്രകൃതിയുമായുള്ള സമരസപ്പെടലിന്റെയും ഉദാഹരണമാണ്. മനുഷ്യനും, സാങ്കേതിക പുരോഗതിയും ബൗദ്ധിക ശേഷിയും ഉണ്ടായിട്ടും, നിരന്തരം സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ തേടിക്കൊണ്ടിരിക്കുന്നു.
തവള എന്നത് മാറ്റത്തിന്റെ,അതിജീവനത്തിന്റെ,ഭയത്തിന്റെ,പ്രതിരോധത്തിന്റെ, ജീവിതസമരത്തിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് കലയിലും സാഹിത്യത്തിലും , ദാർശനിക ചിന്തയിൽ പോലും തവളയെ മനുഷ്യജീവിതത്തിന്റെ ആഴമുള്ള പ്രതീകമായി ഉപയോഗിക്കുന്നത്. തവളയുടെ ജീവിതം എന്നത് അവഗണിക്കപ്പെടുന്നവരുടെ / മാറ്റി നിർത്തപ്പെടുന്നവരുടെ പ്രതീകമാണ്.
പെൻസിൽ ഷേഡിംഗിന്റെ അതിസൂക്ഷ്മ വിന്യാസവും വരകളുടെ ജൈവസങ്കീർണ്ണതയും ഈ ചിത്രങ്ങളെ കേവലം ഡ്രോയിങ്ങുകൾ എന്നതിൽ നിന്ന് മാറ്റി, അനുഭവങ്ങളുടെ, ഓർമ്മകളുടെ, അതിജീവനത്തിന്റെ ഗഹനമായ ദൃശ്യരേഖയാക്കി ഉയർത്തുന്നു. ചിത്രത്തിലെ വേരുകൾ ജീവന്റെ അടിത്തറയെയും പാരമ്പര്യത്തെയും സൂചിപ്പിക്കുമ്പോൾ, മുള്ളുകൾ അതിന്റെ വേദനകളും പ്രതിരോധങ്ങളും പ്രതിനിധീകരിക്കുന്നു. ഈ സമന്വയം ശരീരത്തെ ഒരു ജൈവഘടനയിൽ നിന്ന് മാറ്റി, സാമൂഹികവും മാനസികവും ചരിത്രപരവുമായ അവസ്ഥകളുടെ ദൃശ്യഭാഷയാകുന്നു. ഈ ചിത്രങ്ങൾ നമ്മെ കാണാൻ മാത്രമല്ല, അനുഭവിക്കാൻ, ഓർക്കാൻ, ചോദ്യം ചെയ്യാൻ കൂടി ക്ഷണിക്കുന്നവയാണ്.
ബാംഗ്ലൂരിലെ ക്രിസ്റ്റൽഹൗസ് സ്കൂളിലെ കലാവിഭാഗം അദ്ധ്യാപകനായ ധനരാജ് കേരളത്തിലും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചെറുകുന്നിനടുത്തുള്ള കീഴറ സ്വദേശിയാണ് ധനരാജ്. ഇന്ത്യയിലെ വിവിധ സ്വകാര്യ ശേഖരങ്ങളിലും വിദേശ രാജ്യങ്ങളിലെ ഗാലറികളിലും ധനരാജിന്റെ ചിത്രങ്ങളുണ്ട്.
പ്രദർശനം മെയ് 9ന് അവസാനിക്കും.

Top News from last week.