‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി. ടി. ചന്ദ്രമോഹനാണ് പുതിയ എഡിറ്റർ. പാർട്ടി വിരുദ്ധമല്ലാത്ത തലക്കെട്ട് മാറ്റാൻ എഡിറ്റോറിയൽ ബോർഡിലെ ചിലർ ആവശ്യപ്പെട്ടിട്ടും എഡിറ്റർ കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നും, റസിഡന്റ് എഡിറ്റർ നൽകിയ നോട്ടീസിന് തലക്കെട്ടിൽ തെറ്റില്ലെന്ന മറുപടി നൽകി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നുമാണ് ആക്ഷേപം. ഈ തർക്കങ്ങളെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം തന്നെ മുടങ്ങുകയായിരുന്നു.
പത്രത്തിൽ നിന്ന് ഒഴിവാക്കിയ, ടി.സി. രാജേഷ് എഴുതിയ ലേഖനം പിന്നീട് അതേ തലക്കെട്ടോടെ തന്നെ ലേഖകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ഈ ലേഖനത്തിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്നിരിക്കെ, സാധാരണമായ ഒരു തലക്കെട്ടിന്റെ പേരിൽ വലിയ വിവാദമുണ്ടായതിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും എം. സ്വരാജ് റസിഡന്റ് എഡിറ്ററുമായ മാനേജ്‌മെന്റിന് നയപരമായ വീഴ്ച സംഭവിച്ചെന്നും പ്രശ്നം ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നുമുള്ള വിമർശനം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുകയാണ്.








