ചർച്ചകൾ രാജിയിലേക്ക്, കോൺഗ്രസിൽ ഒറ്റപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മർദമേറുന്നു. രാഹുൽ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിർന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീർക്കാൻ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

 

രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചാൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാർട്ടികളെ സമ്മർദത്തിലാക്കാനും ഈ നടപടിക്ക് കഴിയും. രാജി അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഹൈക്കമാൻഡിനെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വിഷയത്തിൽ സംസ്ഥാന തലത്തിൽ തീരുമാനം എടുക്കാനായിരിക്കും എഐസിസി നിർദേശിക്കുക. രാജിയുൾപ്പെടെയുള്ള സാഹചര്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി എന്നിവർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം തേടിയിട്ടുമുണ്ട്.

അതേസമയം, മാധ്യമ വാർത്തകൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. പാർട്ടി തലത്തിലുള്ള ഈ നീക്കം തന്നെ ധാരാളമാണെന്നാണ് ഇവരുടെ വാദം. വടകരയിൽ മാധ്യമങ്ങളോട് പ്രതികരിച്ച കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായി ഷാഫി പറമ്പിലും ഈ നിലപാടാണ് സ്വീകരിച്ചത്. രാഹുൽ രാജിവച്ച് മാന്യത കാണിക്കണം എന്ന് പാലക്കാട് കോൺഗ്രസിനുള്ളിലും അഭിപ്രായം ശക്തമാണ്. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ ഇതിനോടകം എത്തുകയും ചെയ്തിട്ടുണ്ട്.

 

അതിനിടെ, ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അടൂരിലെ വീട്ടിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചതായും റിപ്പോർട്ടുകളുണ്ട്. കെപിസിസി നിർദേശത്തെ തുടർന്നാണ് രാഹുലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്ര എന്നാണ് വിവരം. മൂന്ന് ദിവസമായി മറ്റു പരിപാടികൾ ഒഴിവാക്കി വീട്ടിലായിരുന്നു രാഹുൽ ഉണ്ടായിരുന്നത്. വിവാദങ്ങളിൽ പരസ്യ പ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് രാഹുലിന് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. ഇതിന്റെ ഭാഗമായാണ് ഇന്നലെ വിളിച്ചു ചേർത്ത വാർത്താസമ്മേളനം രാഹുൽ റദ്ദാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. യുവതിയെ ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു രാഹുൽ വാർത്താസമ്മേളനം വിളിച്ചത്.

Top News from last week.

Latest News

More from this section