പൊതിച്ചോറ് വിതരണം നല്ല കാര്യം, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്: മുഖ്യമന്ത്രി;

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സേവനം അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കരുതെന്നും ആശുപത്രി പരിസരങ്ങൾ കയ്യേറരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മുൻപ് ഉയർന്നു വന്ന വിവാദം ഭക്ഷണ വിതരണത്തെച്ചൊല്ലിയല്ല, മറിച്ച് ആശുപത്രിക്കുള്ളിലെ സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ടാണെന്നും ആരോഗ്യമന്ത്രി ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആശുപത്രിക്കുള്ളിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങി ഏത് സംഘടനയായാലും ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം തടയുമെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ഭക്ഷണം നൽകാവൂ എന്നതും യുഡിഎഫ് സർക്കാരിന്റെ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരാമർശം തിരിച്ചടിയായതോടെ മന്ത്രി പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. താൻ ആരുടെയും ഭക്ഷണം മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആലപ്പുഴ ജനറൽ ആശുപത്രിയിലെ സ്ഥലം കയ്യേറ്റത്തിൽ പരാതി ലഭിച്ചതുകൊണ്ടാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നത്. നിലവിൽ മറ്റ് ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Top News from last week.