ഭാരതീയ റിസർവ് ബാങ്ക് ജില്ലയിലെ ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസിൽ ജിഎച്ച്എസ്എസ് പാട്യം ജേതാക്കളായി. കണ്ണൂർ മലബാർ റസിഡൻസിയിൽ നടന്ന മത്സരത്തിൽ ജിഎച്ച്എസ്എസ് പാട്യത്തിനെ പ്രതിനിധീകരിച്ച് നിഖിത ഷൈജു, വേദിക ഒന്നാം സമ്മാനം നേടി. ജിഎച്ച്എസ്എസ് വെള്ളൂരിനെ പ്രതിനിധീകരിച്ച നവനീത് ആർ, നിരഞ്ജന ഉത്തമൻ രണ്ടാം സമ്മാനവും ഇ കെ നായനാർ സ്മാരക ജിഎച്ച്എസ്എസ് വേങ്ങാട് മൂന്നാം സമ്മാനവും കരസ്ഥമാക്കി. ജിഎച്ച്എസ്എസ് പാട്യം ജൂലൈ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500, 5000 രൂപ വീതവും ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതവും സമ്മാനം നൽകും.
വിശിഷ്ടാതിഥികളായ ആർബിഐ ഡിജിഎം മുഹമ്മദ് സാജിദ്, കനറാ ബാങ്ക് എജിഎം എ യു രാജേഷ്, ലതാകുറുപ്പ്, ആർ ബി ഐ എജിഎം അശോക്, നബാർഡ് ഡിഡിഎം ജിഷിമോൻ രാജൻ, എൽഡിഎം പ്രശാന്ത് എന്നിവർ ജില്ലാ, ഉപജില്ലാതല വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി.
ഉപജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്.