കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വരുന്ന സമരം അടിയന്തരമായി തീർപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആവശ്യപ്പെട്ടു. പതിനൊന്ന് ദിവസമായി തുടരുന്ന സമരത്തോട് ആശുപത്രി മാനേജ്മെന്റുകൾ അനുകൂല സമീപനം സ്വീകരിക്കാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെ ഏറ്റവും നിർണായകമായ സേവനം നിർവഹിക്കുന്ന നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും നൽകാതിരിക്കുന്നത് കടുത്ത തൊഴിലാളി വിരുദ്ധ നിലപാടാണെന്ന് വിജിൽ മോഹനൻ ആരോപിച്ചു. കോവിഡ് മഹാമാരിക്കാലത്തടക്കം ജീവൻ പണയം വെച്ച് പ്രവർത്തിച്ച നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട സമയത്താണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ അവരെ അവഗണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മാനേജ്മെന്റുകൾ ഇപ്പോഴും അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറാകാത്ത പക്ഷം സമരം യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും വിജിൽ മോഹനൻ മുന്നറിയിപ്പ് നൽകി. നഴ്സുമാരുടെ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









