കണ്ണൂർ: കഴിഞ്ഞ 15 വർഷത്തെ അനുഭവങ്ങൾ പറഞ്ഞ് ജില്ലാ പഞ്ചായത്ത് യോഗത്തിൽ മുൻ പ്രസിഡന്റ് പി.പി.ദിവ്യ. ഇന്നു രാവിലെ നടന്ന യോഗത്തിൽ ദിവ്യ നടത്തിയത് വിടവാങ്ങൽ പ്രസംഗം കൂടിയായി.ആദ്യം മെംബർ മാത്രമായെത്തിയ താൻ വൈസ് പ്രസിഡന്റായും പ്രസിഡന്റായും മാറി. കാരായി രാജൻ പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റായിരുന്നു. അദ്ദേഹം അറസ്റ്റിലായപ്പോൾ പ്രസിഡന്റിന്റെ കൂടി ചുമതല വഹിക്കേണ്ടി വന്നു. പിന്നീട് കാരായി രാജൻ രാജി വെച്ചപ്പോഴാണ് കെ.വി.സുമേഷ് പ്രസിഡന്റാകുന്നത്.ദിവ്യ പറഞ്ഞു.
ഒരു കുടുംബം പോലെയാണ് ജില്ലാ പഞ്ചായത്തിൽ അംഗങ്ങളും ജീവനക്കാരും പ്രവർത്തിച്ചിരുന്നത്. കോവിഡ് കാലത്തും വയനാട് ദുരന്ത സമയത്തും രാവെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്തു. പഞ്ചസാരയും പരിപ്പുമൊക്കെ ചുമന്ന് നടന്നു. ഇവരെയൊന്നും മറക്കാനാകില്ല.അവർ തുടർന്നു.
ജില്ലാ പഞ്ചായത്തിന് സ്വരാജ് അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ നേടാനായി. പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി. ദിവ്യ പറഞ്ഞു.
എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണ് യോഗത്തിനെത്തുന്നത്. പക്ഷേ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചതേയില്ല.









