കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ദിവ്യയ്ക്ക് കുരുക്ക് മുറുകുന്ന നിരവധി പരാമർശങ്ങൾ കുറ്റപത്രത്തിലുണ്ട്. രണ്ടുദിവസത്തിനകം അറിയാമെന്ന ദിവ്യയുടെ പരാമർശം ഭീഷണിയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പ്രാദേശിക മാധ്യമത്തെ ദിവ്യ വിളിച്ച് വരുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സംഭവം വാർത്തയാക്കിയത് ആസൂത്രിതമായാണ്. വിഷയം വലിയ രീതിയിൽ മാധ്യമ വിചാരണയ്ക്ക് ഇടയായി. ഇതാണ് നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. എൻഒസി ലഭിക്കുന്നതിനു മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്ന് പണം പിൻവലിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചു. എൻഒസി അനുവദിക്കും മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി നവീൻ ബാബുവിനെ കണ്ടു. പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ല. സാധൂകരണ തെളിവുകൾ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തിൽ ഉന്നയിക്കും മുൻപ് ദിവ്യ എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യക്ക് മുൻപ് നവീൻ ബാബു രണ്ട് തവണ ക്വാർട്ടേഴ്സിൽ എത്തിയെന്നും കുറ്റപത്രത്തിലുണ്ട്. നാട്ടിലേക്കുള്ള ട്രെയിൻ പോയതിന് ശേഷവും റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമിൽ മണിക്കൂറുകൾ ചെലവഴിച്ചു. ആത്മഹത്യ ചെയ്യുന്നത് പുലർച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.









