രാജ്യത്ത് പുതിയ എല്‍പിജി ഭേദഗതി നിയമം 2026 നടപ്പാക്കിയിരിക്കുകയാണ് കേന്ദ്രം. എല്‍പിജി ഉപയോക്താക്കളെ പരമാവധി നിരുത്സാഹപ്പെടുത്തുക, പിഎന്‍ജി കണക്ഷനുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പിഎന്‍ജി ലഭ്യമല്ലാത്തിടത്ത് മാത്രം എല്‍പിജി എന്നതാണ് സര്‍ക്കാര്‍ നയം. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന സിലണ്ടര്‍ ക്ഷാമവും, വിലവര്‍ധനയും അനുഭവപ്പെടുന്നുണ്ട്. മുമ്പ് എല്ലാ ആഴ്ചയും വന്നിരുന്ന ഗ്യാസ് വണ്ടികള്‍ നിലവില്‍ മാസത്തില്‍ ഒന്ന് വന്നാലായി. ഇതിനിടെ സിലിണ്ടര്‍ പൂഴ്ത്തിവയ്പ്പുകളും, കരിഞ്ചന്തയും വര്‍ധിച്ചിട്ടുണ്ട്. ക്ഷാമം ഭയന്ന് പലരും അളവില്‍ കൂടുതല്‍ സിലിണ്ടറുകള്‍ സ്‌റ്റോക്ക് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2 -ല്‍ കൂടുതല്‍ സിലിണ്ടറുകള്‍ കൈവശം വയ്ക്കുന്നത് വലിയ തെറ്റാണെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി (LPG) കണക്ഷന്‍, സിലിണ്ടറുകളുടെ എണ്ണം, അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ എഐ മോഡല്‍ ജെമിനി നല്‍കിയ മറുപടിയാണ് താഴെ നല്‍കുന്നത്.
പരമാവധി എത്ര സിലിണ്ടറുകള്‍?
നിയമപ്രകാരം ഒരു ഗാര്‍ഹിക എല്‍പിജി കണക്ഷനില്‍ പരമാവധി 2 സിലിണ്ടറുകള്‍ വരെയാകാം. ഇത്തരം കണക്ഷനുകളെ ‘ഡബിള്‍ സിലിണ്ടര്‍ കണക്ഷന്‍’ (DBC) എന്ന് വിളിക്കുന്നു. ഒരെണ്ണം ഉപയോഗിക്കാനും, മറ്റൊന്ന് ബാക്കപ്പും ആണ്. ഒരു കണക്ഷനില്‍ രണ്ടില്‍ കൂടുതല്‍ സിലിണ്ടര്‍ നിയമപരമായി കമ്പനികള്‍ നല്‍കില്ല.
ഒരു വര്‍ഷം എത്ര സിലിണ്ടറുകള്‍
മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ വര്‍ഷത്തില്‍ 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ ഉത്തരാവാദിത്തം വഹിക്കുന്നത്. അതായത് ഒരു വര്‍ഷം പരമാവധി 12 സിലിണ്ടറുകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കൂ. ഒരു വര്‍ഷം 12 സിലിണ്ടറില്‍ കൂടുതല്‍ ആവശ്യമായി വന്നാല്‍, വിപണി വിലയില്‍ നിങ്ങള്‍ വാങ്ങേണ്ടി വരും. അപ്പോഴും ഒരേ സമയം വീട്ടില്‍ സൂക്ഷിക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം രണ്ട് തന്നെയാണ്.
സിലിണ്ടര്‍ ബുക്കിംഗ്: സമയപരിധികള്‍
പൂഴ്ത്തിവെപ്പും, ദുരുപയോഗവും തടയുന്നതിനായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പ്രകാരം നഗരപ്രദേശങ്ങളില്‍ ഒരു സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 25 ദിവസം ആണ്. അതായത് ഒരു സിലിണ്ടര്‍ ഡെലിവറി ചെയ്ത് 25 ദിവസം കഴിഞ്ഞാല്‍ മാത്രമേ അടുത്തത് ബുക്ക് ചെയ്യാന്‍ കഴിയൂ. ഗ്രാമപ്രദേശങ്ങളില്‍ ഈ പരിധി 45 ദിവസം ആണ്.
വണ്‍ ഹോം, വണ്‍ കണക്ഷന്‍
ഒരു വീട്ടില്‍ ഒരു കണക്ഷന്‍ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഒരേ വിലാസത്തില്‍ ഒന്നിലധികം ആളുകളുടെ പേരില്‍ കണക്ഷന്‍ എടുക്കുന്നതും നിയമവിരുദ്ധമാണ്. മറ്റൊരു നിയമം ഒരേസമയം എല്‍പിജി, പിഎന്‍ജി കണക്ഷനുകള്‍ കൈവശം വയ്ക്കുന്നതും വിലക്കുന്നു. അത്തരം ഉപയോക്താക്കള്‍ 30 ദിവസത്തിനുള്ളില്‍ എല്‍പിജി കണക്ഷനുകള്‍ സറണ്ടര്‍ ചെയ്യണമെന്നാണ് പുതിയ എല്‍പിജി ഭേദഗതി നിയമം 2026 പറയുന്നത്. ഇവര്‍ക്ക് ഒരു ട്രാന്‍ഫര്‍ വൗച്ചര്‍ കിട്ടും. ഭാവിയില്‍ ഉപയോക്താക്കള്‍ പിഎന്‍ജി ഇല്ലാത്ത സ്ഥലത്തേയ്ക്ക് മാറിയാല്‍ ഈ വൗച്ചര്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.
അധിക സിലിണ്ടറുകള്‍ കൈവശം വെച്ചാലുള്ള ശിക്ഷകള്‍
ഇത്തരം സാഹചര്യത്തില്‍ പൂഴ്ത്തിവെപ്പ് നിയമം (Essential Commodities Act) ആണ് ബാധകമാകുന്നത്. അധിക സിലിണ്ടറുകള്‍ വാങ്ങി കൂട്ടുന്നതും, സൂക്ഷിക്കുന്നതും അത്യാവശ്യ സാധന നിയമ പരിധിയില്‍ വരുന്ന കുറ്റമാണ്. നിയമവിരുദ്ധമായി അധിക സിലിണ്ടറുകളോ, കണക്ഷനുകളോ സൂക്ഷിച്ചാല്‍ ഗ്യാസ് കണക്ഷന്‍ ഉടനടി റദ്ദാക്കുകയും, സിലിണ്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്യും.
എല്‍പിജി സിലിണ്ടറുകള്‍ അത്യന്തം അപകടകരമാണ്. അതിനാല്‍ തന്നെ നിയമപരമായ പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വിലയിരുത്തലിന് കാരണമാകും. ഇത് കനത്ത പിഴ, ജയില്‍ ശിക്ഷ എന്നിവയ്ക്ക് വരെ കാരണമാകാം. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് (ഹോട്ടലുകള്‍, തട്ടുകടകള്‍) നല്‍കുന്നതും കടുത്ത ശിക്ഷയ്ക്ക് വഴിവയ്ക്കും.
കേരളത്തില്‍ നിയമങ്ങള്‍ വ്യത്യസ്തമാണോ?
എല്‍പിജി നിയമങ്ങള്‍ രാജ്യത്തിനു മുഴുവന്‍ ബാധകമാണ്. കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയത്തിന്റെയും, പൊതുമേഖലാ എണ്ണക്കമ്പനികളുടെയും നിയമങ്ങളാണ് ഇവിടെ ബാധകമാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളികള്‍ക്കും ഒരു വീട്ടില്‍ രണ്ട് സിലിണ്ടറുകള്‍ വരെ മാത്രമേ സൂക്ഷിക്കാന്‍ അനുമതിയുള്ളൂ. ഇവ് മാറി മാറി റീഫില്‍ ചെയ്ത് ഉപയോഗിക്കാം. രണ്ടില്‍ കൂടുതല്‍ സിലിണ്ടറുകള്‍ അനധികൃതമായി സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.








